ഇഷ്ട നമ്പറിനായി താരങ്ങളുടെ പോരാട്ടം: ചാക്കോച്ചന് വിജയം, നിവിൻ പോളി പിന്മാറി
കൊച്ചി: ഇഷ്ട നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങൾ , വിജയിയായത് നടൻ കുഞ്ചാക്കോ ബോബനാണ്. കെഎൽ 07 ഡിജി 0459 നമ്പറിന് വേണ്ടി കുഞ്ചാക്കോ ബോബനും, കെഎൽ 07 ഡിജി 0011 എന്ന ഫാൻസി നമ്പറിന് വേണ്ടി നിവിൻ പോളിയും അപേക്ഷിച്ചിരുന്നതിനാൽ വ്യാപക ശ്രദ്ധ നേടിയിരുന്നു. 0459 നമ്പർ ഫാൻസി നമ്പർ അല്ലാത്തതിനാൽ മത്സരമുണ്ടാകില്ലെന്ന് കരുതിയിരുന്നു. പക്ഷേ കൂടുതൽ പേരുടെ താല്പര്യം വന്നതോടെ ലേലം അനിവാര്യമാകുകയും, ഓൺലൈൻ ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ നമ്പർ സ്വന്തമാക്കുകയും ചെയ്തു. അതേസമയം, നിവിൻ പോളി ആഗ്രഹിച്ച 0011 എന്ന ഫാൻസി നമ്പറിന് കനത്ത ലേലം നടന്നുവെന്നു റിപ്പോർട്ടുണ്ട്. അന്ത്യഘട്ടത്തിൽ 2.34 ലക്ഷം രൂപ വരെ വിളിച്ച നിവിൻ, ഒടുവിൽ ഒരു സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപ വിളിച്ചതോടെ പിന്മാറുകയായിരുന്നു. അടുത്തിടെ കെഎൽ 07 ഡിജി 0007 നമ്പർ 46.24 ലക്ഷം രൂപയ്ക്കും, 0001 നമ്പർ 25.52 ലക്ഷം രൂപയ്ക്കും ലേലത്തിലൂടെ വിറ്റുപോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.